Monday, August 10, 2020

ഹരിഹര വർമ്മ കൊലക്കേസ്

2012 നടന്ന ഒരു കൊലപാതകം  . പോലീസ് ഊർജിതമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നു . വിചാരണയ്ക്ക് ശേഷം 2014 ൽ പ്രതികളെല്ലാം ശിക്ഷിക്കപെടുന്നു . ഒരു ഓപ്പണ്‍ ആൻഡ് ഷട്ട് കേസ് - എന്ന് ആർക്കും തോന്നാം . 

എന്നാൽ ഈ കേസിനെ അസാധാരണമാക്കിയത് കൊല നടത്തിയ വിധമോ , പ്രതികളുടെ ബുദ്ധിയോ ക്രൗര്യമോ ഒന്നുമല്ല . കൊല ചെയ്യപ്പെട്ടയാൾ ആരെന്നതായിരുന്നു . വേറൊരു തരത്തിൽ പറഞ്ഞാൽ കൊല ചെയ്യപ്പെട്ടയാൾ യഥാർത്ഥത്തിൽ ആരെന്ന് പോലീസിനോ മറ്റാർക്കെങ്കിലുമോ ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ! മാവേലിക്കര രാജകുടുംബാംഗമായ ഹരിഹരവർമ്മ എന്ന പേരിൽ അയാൾ പതിറ്റാണ്ടുകൾ നീണ്ട ഒരു ആൾമാറാട്ടം നടത്തി വരികയായിരുന്നു . വർഷങ്ങളോളം ഒപ്പം ജീവിച്ച ഭാര്യയ്ക്ക് പോലും വർമയെപ്പറ്റി അയാൾ പറഞ്ഞതിനപ്പുറം ഒന്നുമറിയില്ലായിരുന്നു .ആരായിരുന്നു യഥാർത്ഥത്തിൽ ഹരിഹരവർമ്മ ?ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ തന്റെ പൂർവ ചരിത്രം തേച്ചു മായ്ച്ചു കളയാൻ അയാൾക്കെങ്ങനെ സാധിച്ചു ?

നമുക്ക് കേസിനെ കുറിച്ച് അല്പം വായിക്കാം

ഡിസംബർ 24, 2012 തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ അഡ്വ ഹരിദാസിന്റെ ഓംകാരം എന്ന വീട്ടിൽ മവേലിക്കര രാജകുടുംബത്തിലെ ഒരു അംഗമായ ഹരിഹരവർമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിദാസ് തന്നെയാണ് പോലിസ് എത്തിയപ്പോൾ കൊല്ലപ്പെട്ടത് ഹരിഹര വർമ്മയെന്ന രാജകുടുംബാംഗം ആണെന്ന് പറഞ്ഞത്. തന്റെ കയ്യിൽ ഉള്ള 300 കോടി രൂപയോളം വിലമതിക്കുന്ന വജ്രങ്ങൾ വാങ്ങാനായി താത്പര്യം പ്രകടിപ്പിച്ച ഒരു കൂട്ടരേ കാണാൻ ആണ് വർമ്മ തന്റെ വീട്ടിൽ എത്തിയതെന്നും ഹരിദാസ് പറഞ്ഞു.65 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡുര്യം, 4 മാണിക്യം  . 5 ഇന്ദ്രനീലം, 29 പുഷ്യരാഗം, തുടങ്ങിയവ  ആയിരുന്നു  വർമ്മയുടെ ശേഖരത്തിൽ ഉണ്ടായിരുന്നത് .എന്നാൽ വന്നവർ ഹരിദാസിനെയും വർമ്മയേയും ക്ളോറോഫോം നൽകി ബോധം കെടുത്തി രത്നങ്ങളുമായി സ്ഥലം വിട്ടു .

പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ക്ളോറോഫോം അമിതമായ അളവിൽ ശ്വസിച്ചതാണ് മരണകാരണമെന്ന് വെളിപ്പെട്ടു.   കൊല്ലപ്പെട്ടത്  രാജകുടുംബാംഗമാണെന്നതും കോടിക്കണക്കിനു രൂപ വിലയുള്ള രത്നങ്ങളുടെ മോഷണമാണ് നടന്നതെന്നുമുള്ള വാർത്ത പടർന്നതോടെ കേസ് പ്രമാദമായി മാറി. സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പടെ കേസിന്റെ അന്വേഷണത്തിൽ ഭാഗമായി. എന്നാൽ അന്വേഷണം പുരോഗമിച്ചപ്പോൾ ഹരിഹര വർമ്മയെക്കുറിച്ച്   അമ്പരപ്പിക്കുന്ന കണ്ടെത്തലുകൾ പൊലീസിന് ലഭിച്ചു .

മാവേലിക്കര രാജകുടുംബത്തിലെ അംഗമെന്ന് സ്വയം വിശേഷിപ്പിച്ച്  വർഷങ്ങളോളം ജീവിച്ചിരുന്ന വർമ്മ ആ കുടുംബത്തിലെ അംഗമേ അല്ലെന്നു  മാവേലിക്കര ശാഖയിലുള്ളവർ തീർത്തു പറഞ്ഞു  മവേലിക്കര രാജകുടുംബത്തിലെ ഭാസ്‌കര വർമ്മയുടെ മകനാണ് താനെന്നു വർമ്മ തന്റെ ഭാര്യ വിമലദേവിയേയും ഭാര്യയുടെ  ബന്ധുക്കളെയും  പറഞ്ഞു വിശ്വസിച്ചിരുന്നുത് . അതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ അവരാരും അത് വരെ മെനക്കെട്ടിരുന്നില്ല .

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസ് പാതിവഴിയിൽ ഏറ്റെടുത്തു. 

ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ രഖിൽ, രാഗേഷ്, ജോസഫ് ,എം ജിതേഷ്, അജീഷ് എന്നിവരായിരുന്നു കുറ്റകൃത്യത്തിന് പിന്നിൽ എന്നവർ കണ്ടെത്തി .സ്വകാര്യ കോളേജുകൾക്കും കോളേജുകളിൽ സീറ്റുകൾ വാങ്ങുന്ന വിദ്യാർത്ഥികൾക്കുമിടയിൽ ഈ സംഘം ഇടനിലക്കാരായി പ്രവർത്തിക്കുമായിരുന്നു. വർമ്മയുടെ കൈവശമുള്ള രത്നങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ , അവർ വർമ്മയുമായി ഒരു കരാർ നേടാൻ ശ്രമിച്ചു.

5 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡുര്യം, 4 മാണിക്യം. 5 ഇന്ദ്രനീലം, 29 പുഷ്യരാഗം, ഇതിനു പുറമെ ക്യാറ...

Read more at: https://www.manoramaonline.com/news/crime/features/2019/07/15/harihara-varma-death-case.ht

കർണാടകത്തിലെ ഒരു മന്ത്രിക്ക് വേണ്ടിയെന്ന് വർമ്മയെ വിശ്വസിപ്പിച്ചാണ് ഇവർ രത്നക്കൈമാറ്റത്തിന് വർമ്മയെ സമീപിച്ചത് .മന്ത്രിയുടെ മകനായി ഒരാൾ അഭിനയിക്കുകയും ചെയ്തു .ഇടപാടിന്റെ ആദ്യ ഘട്ടത്തിൽ, സംഘം പത്ത് ലക്ഷം തുക വർമ്മയ്ക്ക് കൊടുത്തു ഏഴുമാസം കാത്തിരുന്നു. ഒരു ഘട്ടത്തിനുശേഷം, അവർ അക്ഷമരായി. ഹരിഹര വർമ്മയുമായി ഒരു കൂടിക്കാഴ്‌ച നടത്തിയ ശേഷം വജ്രങ്ങൾ മോഷ്ടിക്കാൻ തീരുമാനിച്ചു. അങ്ങനെ 24 ഡിസംബർ ഹരിദാസിന്റെ വീട്ടിൽ എത്തിയ ഇവർ വർമ്മയെ അപായപ്പെടുത്തി രത്നങ്ങളുമായി  രക്ഷപ്പെട്ടു . എന്നാൽ ഹരിഹാര വർമ്മയിൽ നിന്ന് അവർക്ക് ലഭിച്ച രത്നങ്ങൾ പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു,

ക്രിമിനൽ ഗൂഡാലോചന, കൊലപാതകം, വ്യാജരേഖ ചമയ്ക്കൽ, കൊലപാതകം നടത്തിയത് എന്നീ കുറ്റങ്ങൾ ചുമത്തി ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. വർമ്മയുടെ സുഹൃത്ത് ഹരിദാസ് ആറാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു .

കേസിലെ അഞ്ച് പ്രതികൾക്ക് കേരളത്തിലെ ഫാസ്റ്റ് ട്രാക്ക് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു.
തെളിവുകളുടെ അഭാവത്തിൽ വർമ്മയുടെ സുഹൃത്ത് അഡ്വ ഹരിദാസ് പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടു .

ഇനി നമുക്ക് ഹരിഹര വർമ്മയിലേക്ക് വരാം.

ഹരിഹര വര്‍മ്മ കൊല്ലപ്പെട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആരാണ് യഥാർത്ഥത്തിൽ ഹരിഹരവര്‍മ്മ എന്ന അന്വേഷണം. വര്‍മ്മയുടെ ജന്മദേശം ഏത്, അയാളുടെ മതാപിതാക്കള്‍ ആര്. ഉറ്റവര്‍ ആരൊക്കെ എന്നത്. പക്ഷേ ഹരിഹരവര്‍മ്മയെക്കുറിച്ച് ആര്‍ക്കുമൊന്നുമറിയില്ല എന്നതായിരുന്നു സത്യം . ഹരിഹരവര്‍മ്മയുടെ ഭാര്യക്ക് പോലും !

വളരെ വൈകിയയാണ് വർമ്മ വിമലാ ദേവിയെ  കല്യാണം കഴിച്ചത്. അവർ സർക്കാർ വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥ ആയിരുന്നു . പത്തു വർഷം നീണ്ട  ദാമ്പത്യം സമാധാനപരമായിരുന്നു. ബന്ധുക്കളാരും  ജീവിച്ചിരിപ്പില്ല എന്ന്  വർമ്മ  പറഞ്ഞതിനാൽ അതിനെ കുറിച്ചൊന്നും അന്വേഷിക്കാൻ  പോയില്ല എന്നും വിമലാ ദേവി  പറഞ്ഞു .

ഹരിഹരവർമ്മ  തന്റെ അച്ഛനാണെന്നു അവകാശപ്പെട്ട മാവേലിക്കര കുടുംബത്തിലെ ഭാസ്‌കര വർമ്മ അത്‌  നിഷേധിച്ചു. മാതൃഭൂമിക്ക്  നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “എനിക്ക് 64 വയസ്സാണ്, മരിക്കുമ്പോൾ വർമ്മയ്ക്ക്  55 വയസ്സായിരുന്നു, അയാൾ എന്റെ മകനാകണമെങ്കിൽ ഞാൻ ഒൻപതാം വയസ്സിൽ അച്ഛനാകണം ". മാവേലിക്കര രാജകുടുംബത്തിന്റെ ചരിത്രത്തിൽ ഹരിഹാര വർമ്മ എന്ന ഒരു വ്യക്തി ഇതുവരെ ജീവിച്ചിട്ടില്ലെന്നും ഭാസ്‌കര വർമ്മ കൂട്ടിച്ചേർത്തു. രാജകുടുംബത്തിന്റെ കൈവശം വർമ്മ അവകാശപ്പെട്ട പോലെ  വിലയേറിയ ആഭരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹരിഹരവർമ്മയുമായി ബന്ധപ്പെട്ട എല്ലാ തിരിച്ചറിയല്‍ രേഖകളും വ്യാജമാണെന്നും പോലീസ്‌ കണ്ടെത്തി. കോയമ്പത്തൂര്‍ റേസ്‌കോഴ്‌സ്‌ ക്ലബ്ബിനടുത്തെ വ്യാജവിലാസത്തില്‍ വര്‍മ്മ പാസ്‌പോര്‍ട്ട്‌ എടുത്തിരുന്നത്‌. 

ഹരിഹരവർമ്മയുടെ വ്യക്തമായ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുപോലും ചെറിയൊരു സൂചനപോലും നൽകി ആരും എത്തിയില്ല. അയാളുടെ സ്കൂൾ സർട്ടിഫിക്കറ്റ് മുതൽ രത്നങ്ങൾ വരെ വ്യാജമായിരുന്നു . അയാൾ ഒരു നുണയാണ് ജീവിച്ചത്, ഒടുവിൽ അതിനായി കൊല്ലപ്പെട്ടു.

ഹരിഹർമ്മയെ  കുറിച്ചുള്ള അന്വേഷണം കേസിന്റെ വിധി വന്നതോടെ പോലീസ് മതിയാക്കി .  അതിനു പുറകെ പോയിട്ട്  ആർക്കുമൊരു പ്രയോജനവും ഇല്ല എന്നവർ മനസ്സിലാക്കിക്കാണും . വർമ്മയുടെ വിധവയ്‌ക്കോ അവരുടെ ബന്ധുക്കൾക്കോ അതിൽ താത്പര്യമുണ്ടായിരുന്നില്ല . വർമ്മയുടെ  ഉറ്റവരോ ഉടയവരോ ആയി ആരും മുന്നോട്ടു വരാത്ത സ്ഥിതിക്ക് അന്വേഷണം തുടരുന്നതിൽ പ്രസക്തിയില്ലല്ലോ. 

എന്നാൽ പോലീസ് നിർത്തിയിടത്തു നിന്ന് പത്രക്കാർ തുടങ്ങി . ഒരു പക്ഷെ സുകുമാര കുറുപ്പ് കേസിനു ശേഷം ഇത്രയും ദുരൂഹമായ ഒരു സംഭവം കേരളത്തിൽ ഉണ്ടായിട്ടില്ലല്ലോ . വർമ്മ ആരെന്ന സ്കൂപ്പിനു വായനക്കാർ ഏറെ ഉണ്ടാകുമെന്നവർ കണക്കു കൂട്ടി. പോലീസിനേക്കാൾ കൂടുതൽ വിവരങ്ങൾ അവർ ശേഖരിച്ചതിനാൽ കോടതി അവരെ വിസ്തരിക്കാൻ ഉത്തരവിടുക വരെ ചെയ്തു .

ഇതിനിടെ വർമ്മ സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ചിലർ പറഞ്ഞുണ്ടാക്കി. കുറച്ചു നാളെ മീഡിയ അതും ആഘോഷിച്ചു. എന്നാൽ അത് വ്യാജമായിരുന്നു . 

ഏഷ്യാനെറ്റ് മാധ്യമ പ്രവർത്തകനായ അരുൺകുമാർ വർമ്മയെ കുറിച്ചു  ചില അന്വേഷണങ്ങൾ നടത്തിയത് ഏഷ്യാനെറ്റ് പ്രസിദ്ധപ്പെടുത്തിയിരുന്നു. വർമ്മയെ കുറിച്ച് അല്പമെങ്കിലും വിവരങ്ങൾ മനസ്സിലാക്കിയത് അരുൺ കുമാറാണ് എന്നാണ് ഞാൻ വായിച്ച ലേഖനങ്ങൾ പറയുന്നത് .

അദ്ദേഹത്തിന്റെ അന്വേഷണത്തിൽ വർമ്മയുടെ ഭൂതകാലത്തിന്റെ ഇരുട്ടിൽ അല്പം വെളിച്ചം കാണാറായി. പാലക്കാട്ട് വർമ്മയ്ക്ക് മറ്റൊരു ഭാര്യയും അതിലൊരു കുട്ടിയും ഉണ്ടെന്നു കണ്ടെത്തി. ആ സ്ത്രീയെ കണ്ടുമുട്ടി അന്വേഷിച്ചെങ്കിലും ചില ഫോട്ടോകൾ ലഭിച്ചെന്നല്ലാതെ വർമ്മ ആരെന്നു തെളിയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ ഒന്നും ലഭ്യമായില്ല.

കോയമ്പത്തൂരിൽ ഒരു എയർ ഫോഴ്സ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ  വർമ്മ  രണ്ടു പെൺകുട്ടികൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നെന്നു അന്വേഷണത്തിൽ വെളിവായപ്പോൾ അവിടെയും എത്തി തിരക്കി . എന്നാൽ ആ ഉദ്യോഗസ്ഥൻ മരിച്ചു പോയിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. അതും ഒരു ഡെഡ് ഏൻഡ് ആയി പരിണമിച്ചു.

ഹൈക്കോടതി വർമ്മ ആരെന്ന് കണ്ടു പിടിക്കാൻ ഉത്തരവിട്ടതിനാൽ പോലീസ് ചില അന്വേഷണങ്ങൾ നടത്തിയെങ്കിലും എങ്ങുമെത്തിയില്ല .

പ്രതികൾ ശിക്ഷിക്കപ്പെട്ടു വർഷം  ആറു കഴിഞ്ഞിട്ടും കൊല്ലപ്പെട്ടയാൾ ആരെന്ന് ഇത് വരെയും തെളിയിക്കാൻ കഴിട്ടില്ലാത്ത ഒരപൂർവ കേസായി ഹരിഹരവർമ്മ കൊലപാതകം ഇപ്പോളും നിൽക്കുന്നു .

ആരായിരുന്നിരിക്കണം അയാൾ. അയാളുടെ രൂപത്തിൽ നിന്നും എനിക്ക് തോന്നുന്നത് അയാൾ ഒരു കന്നഡ വംശജൻ ആണെന്നാണ് . ഒരു പക്ഷെ ഒരു കൊങ്ങിണി ആവാം . എന്തിനാണയാൾ ഇത്തരം ഒരു വ്യാജ വേഷം കെട്ടിയത്? ഒരു കള്ളക്കടത്തുകാരനോ മറ്റോ ആണെങ്കിൽ അയാൾക്ക് എതിരെ എന്തെങ്കിലും കേസുകൾ ഉണ്ടാവേണ്ടതല്ലേ. അങ്ങനെയുള്ള ഒരു വിവരവും പൊലീസിന് ലഭിച്ചില്ല . ഒരു പക്ഷെ അയാളെ അറിയുന്നവർ അന്യ സംസ്ഥാനക്കാർ ആയതിനാൽ കേരളത്തിൽ നടന്ന ഈ വാർത്തകളെ പറ്റി അറിയാതെ പോയതാവാം .

ഏന്തി കൊണ്ട് അയാൾക്കൊപ്പം ജീവിച്ചിരുന്ന  പെൺകുട്ടികൾ അയാളെ കുറിച്ച്  അന്വേഷിച്ചില്ല എന്നതും ദുരൂഹമാണ് .അതോ നാണക്കേടുണ്ടാക്കുന്ന എന്തിലെങ്കിലും അവർ ഭാഗമായിരുന്നോ .

ചിലപ്പോൾ വർമ്മ ഒരു അനാഥനാകാം . ഒരു പക്ഷെ പുറത്തു പറയാൻ സാധിക്കാത്ത എന്തെങ്കിലും പ്രശ്നങ്ങളിൽ അയാൾ ഭാഗമായിരുന്നിരിക്കാം . ഒടുവിൽ ജീവിത സായാഹ്നത്തിൽ സമാധാനപരമായ ഒരു ജീവിതം അയാൾ ആഗ്രഹിച്ചിരിക്കും. ഒരു മാന്യനായി ജീവിക്കണമെന്ന ആഗ്രഹത്തിൽ നിന്നുമായിരിക്കും ഈ നാടകം അയാൾ കെട്ടിയാടിയത്. വളരെയേറെ വർഷങ്ങൾ അയാൾ അത്  ഭംഗിയായി നിർവഹിക്കുകയും  ചെയ്തു. വിധി പക്ഷെ അയാൾക്ക് എതിരായി . അയാളുടെ അത്യാഗ്രഹം അയാൾക്ക് വിനയായി 

ഒരു പക്ഷെ  സത്യം എന്നെങ്കിലും  പുറത്തു  വരും .നമുക്ക് കാത്തിരിക്കാം .

No comments:

Post a Comment

EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...