Sunday, November 3, 2019

നൂല്‍പ്പാലത്തിലൂടെ- സര്‍ഗാത്മകതയും വ്യക്തി-ഔദ്യോഗിക ജീവിതവും


സര്‍ഗാത്മക ജീവിതവും ഔദ്യോഗിക ജീവിതവും ഒരേ തലത്തില്‍ കൊണ്ട് പോകാന്‍ സാധിക്കുമോ ? സര്‍ഗാത്മക കഴിവുകള്‍ ഉള്ള ചിലര്‍ ഔദ്യോഗിക ജീവിതത്തില്‍ ശോഭിക്കുമ്പോള്‍ തന്നെ തങ്ങളുടെ കഴിവുകള്‍ ചെറിയ തോതില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് . ഇത് പക്ഷെ ഒരു ഹോബി എന്നതില്‍ കവിഞ്ഞു കൂടുതല്‍ ഒന്നും ആകുന്നുമില്ല . പ്രസ്തുത വ്യക്തികളും ആ കഴിവുകള്‍ക്ക് അതില്‍പരം പ്രാധാന്യം കൊടുക്കാറില്ല .

എന്നാല്‍ ചില അപൂര്‍വ വ്യക്തിത്വങ്ങള്‍ ഔദ്യോഗിക മേഖലകളിലും സര്‍ഗാത്മക മേഖലകളിലും ഉയര്‍ന്ന നിലയില്‍ വിഹരിക്കാറുണ്ട്. ശശി തരൂര്‍ ഒരു ഉദാഹരണം . കൈ വയ്ക്കുന്ന മേഖലകളില്‍ എല്ലാം വിജയിക്കുന്ന ഒരു ബോണ്‍ ലീഡര്‍. യു എന്നില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായി ഇരിക്കുന്ന സമയം തന്നെ അദ്ദേഹം പ്രശസ്തമായ പല കൃതികളും എഴുതിയിരുന്നു . പിന്നീടു എം പി യുടെ തിരക്കുകളിലേക്ക് സ്വയം ഇറങ്ങിയപ്പോഴും തന്റെ സാഹിത്യപരമായ കഴിവുകളെ വിസ്മരിച്ചില്ല . ഓരോ വര്‍ഷവും കുറഞ്ഞത് ഒരു പുസ്തകം എങ്കിലും അദ്ദേഹം പുറത്തിറക്കാറുണ്ട്. അത് കാലിക പ്രസക്തിയുള്ളതായിരിക്കുകയും ചെയ്യും

ശശി തരൂര്‍ ഞാന്‍ പറഞ്ഞ പോലെ തന്നെ ഒരു അപൂര്‍വ വ്യക്തിത്വമാണ് . എല്ലാവര്ക്കും ഇത് സാധിക്കണമെന്നില്ല . സേതു ഒരളവു വരെ ഇത് സാധിച്ച വ്യക്തിയാണ് . ബാങ്കിംഗ് മേഖലയില്‍ മാനേജര്‍ പദവി വഹിക്കുമ്പോള്‍ തന്നെയാണ് അദ്ദേഹം പാണ്ഡവപുരം  പോലെയുള്ള ക്ലാസിക്കല്‍ കൃതികള്‍ രചിച്ചത് . ബാങ്കിംഗ് പോലെയുള്ള തലവേദന പിടിച്ചതും മടുപ്പുളവാക്കുന്നതും  ആയ ഒരു മേഖലയില്‍ നിന്നു കൊണ്ട് സാഹിത്യരചനകള്‍ സൃഷ്ടിക്കുക എന്നത് ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് അചിന്ത്യം തന്നെ . 

കഥകളുടെ പെരുന്തച്ചനായ ടി പദ്മനാഭനും ഉദ്യോഗമണ്ഡലത്തില്‍ ശോഭിച്ച വ്യക്തിയാണ് . എം മുകുന്ദന്‍, എം ടി വാസുദേവന്‍ നായര്‍ എന്നിവരും ഉദ്യോഗ മണ്ഡലങ്ങളില്‍ വിഹരിച്ചു കൊണ്ട് തന്നെ സര്‍ഗാത്മകതയുടെ   ഉര്‍വരത നിലനിര്‍ത്തിയവര്‍ തന്നെ .  

എന്നാല്‍ നമ്മള്‍ ഭൂരിപക്ഷം വ്യക്തികളുടെ കാര്യത്തിലും ഇത് സാധിക്കാറില്ല . നമ്മളില്‍ പലര്‍ക്കും കലപരമായ  കഴിവുകളില്‍ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അഭിരമിക്കാന്‍ കഴിയാറില്ല. ഇതിനു പല കാരണങ്ങള്‍ ഉണ്ടാവും. ചിലപ്പോള്‍ നമ്മുടെ ജോലിതിരക്കുകള്‍ , കുടുംബപരമായ പ്രാരബ്ധങ്ങള്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ അങ്ങനെ പലതും . നമ്മള്‍ ചെയ്യുന്ന ജോലി നമ്മള്‍ക്ക് സന്തോഷം പ്രദാനം ചെയ്യുന്നുണ്ടെങ്കില്‍ ഒരു പരിധി വരെ ആ നിരാശാബോധത്തെ തരണം ചെയുവാന്‍ കഴിയും. എന്നാല്‍ ആ ജോലിയെ നമ്മള് വെറുക്കുന്നുവെങ്കില്‍ പ്രശ്നം ഗുരുതരമാകുക തന്നെ ചെയ്യും ! രണ്ട് തലങ്ങളിലും നമ്മള്‍ പരാജിതരാകുന്ന അവസ്ഥ..ഭീകരമാണത്


ഇത് പക്ഷെ നമ്മളെ പോലുള്ള സാധാരണക്കാരുടെ മാത്രം പ്രശ്നമല്ല .  പ്രശസ്തര്‍ക്കും ബാധകമാണ് . ഔദ്യോകിക രംഗത്തും വ്യക്തി ജീവിതത്തിലും പിന്നെ സര്‍ഗാത്മകതയിലും ബാലന്‍സ് നിലനിര്‍ത്താന്‍ പല പ്രശസ്തര്‍ക്കും സാധിച്ചിട്ടില്ല .

ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഇറങ്ങിയ മികച്ച നോവലുകളില്‍ ഒന്നായ ഖസാകിന്റെ ഇതിഹാസം എഴുതിയ ഓ വി വിജയന്‍ ഒരു അധ്യാപകന്‍ ആയി ആണ് ജീവിതം തുടങ്ങിയത് . അദ്ദേഹത്തിന് ഒരു കോളേജ് ലക്ച്ചരരിനു വേണ്ട ചില ഗുണങ്ങള്‍ ഉണ്ടായിരുന്നില്ല . സ്വതവേ ശാന്ത പ്രകൃതനും , ശുഷ്ക ശരീരനും പതിഞ്ഞ ശബ്ദവും ഉള്ള വ്യക്തിയാരുന്ന വിജയന് ആര്‍ട്സ് കോളേജിലെ കുട്ടികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല . അത് കൊണ്ട് തന്നെ ബഹളമയമായ ക്ലാസില്‍ ശാന്തനായി പതിഞ്ഞ സ്വരത്തില്‍ പഠിപ്പിച്ചു കൊണ്ട് നിന്നിരുന്ന വിജയന്‍ സാറിനെ പറ്റി മറ്റൊരു പ്രശസ്ത സാഹിത്യകാരന്‍ എഴുതിയത് ഞാന്‍ ഓര്‍ക്കുന്നു.   

എന്നാല്‍ തന്റെ തൂലികയിലൂടെ അദ്ദേഹം ഗര്ജിക്കുക തന്നെ ചെയ്തു. ഖസാക്കിന്റെ ഇതിഹാസവും , ധര്‍മപുരാണവും പോലുള്ള ക്ലാസിക്കുകള്‍ നമ്മള്‍ക്ക് സമ്മാനിക്കുകയും ചെയ്തു.

എ അയ്യപ്പന്‍ പ്രശസ്തനായ കവി ആയിരുന്ന്നെങ്കിലും വ്യക്തി ജീവിതത്തിലെ അച്ചടക്കമില്ലായ്മ കാരണം അകാല മരണത്തിനു കീഴടങ്ങി. ഏതാണ്ട് ഇതേ അവസ്ഥ ആയിരുന്നു  അഗ്രഹാരത്തിലെ  കഴുത, അമ്മ അറിയാന്‍ തുടങ്ങിയ പ്രശസ്ത സിനിമകള്‍ സംവിധാനം ചെയ്ത ജോണ്‍ എബ്രഹാമിന്റെ ജീവിതത്തിലും സംഭവിച്ചത്.

സംവിധായകന്‍ കെ ജി ജോര്‍ജ് ജോണ്‍ എബ്രഹാമിനെ പറ്റി ഇത് പറഞ്ഞിട്ടുമുണ്ട്.  വലിയ ഉയരങ്ങളില്‍ എത്താന്‍ കഴിവുകള്‍ ഉണ്ടായിട്ടും സംവിധായകന് വേണ്ട അച്ചടക്കം (discipline ) ഇല്ലാത്തതു കൊണ്ട് അദ്ദേഹവും  വേണ്ട വിധം ആദരിക്കപ്പെട്ടില്ല

മേല്പ്പറഞ്ഞത് ചില സ്വഭാവവൈചിത്ര്യങ്ങള്‍ ആണ് . പ്രകൃതിയുടെ കവി ശ്രി കുഞ്ഞിരാമന്‍ നായരും ഇത് പോലെ ആയിരുന്നു. ഒരിടത്തും ഉറച്ചു നില്‍ക്കാത്ത പ്രകൃതം. കവിത്വത്തില്‍ അഗ്രഗണ്യനും.
ഇത്തരം വ്യക്തികള്‍ ഔദ്യോഗിക മേഖലയില്‍ ശോഭിക്കുകയില്ല . കാരണം മേല്‍പ്പറഞ്ഞ ആ നൂല്‍പ്പാലത്തില്‍ കളി എല്ലാരാലും സാധിക്കയില്ല. അതിനു പ്രത്യേക ഒരു കഴിവ് തന്നെ വേണം .

എന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ കഴിവുകള്‍ വിനിയോഗിക്കുന്നതിലെക്ക് എത്തണമെങ്കില്‍ ഈ നൂല്‍പ്പാലക്കളി ഉപേക്ഷിച്ചു പൂര്‍ണ്ണമായും  അതിലേക്ക് സ്വയം സമര്‍പ്പിക്കണം .എന്നാല്‍  കലപരമായ മികച്ച കഴിവുകള്‍ ഉള്ളവര്‍ പോലും സാമ്പത്തിക ഭദ്രത എന്നാ കന്മതിലിന് മുമ്പില്‍ പകച്ചു അപ്പുറത്തേക്കുള്ള(സ്വാതന്ത്ര്യത്തിലേക്കും അനിശ്ചിതത്വത്തിലേക്കും) ചാട്ടം വേണ്ടെന്നു വെച്ച് പിന്തിരിയുക ആണ് ചെയ്യുക . 

അതിനും വേണം വലിയ ചങ്കൂറ്റം .

ഒരു പക്ഷെ അത്തരം ഒരു ചങ്കൂറ്റം കാണിച്ചതില്‍ പ്രഥമ സ്ഥാനം വൈക്കം മുഹമ്മദ്‌ ബഷീറിനു തന്നെയാകും. തൊള്ളായിരത്തി മുപ്പതുകളും നാല്പ്പതുകളും ഒരു പ്രത്യേക കാലഘട്ടം ആയിരുന്നു. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട കാലം . ജോലി സാധ്യതകള്‍ തീരെ കുറവ്. മാത്രമല്ല സാഹിത്യ രംഗത്ത് പ്രതിഫലം വാങ്ങുക എന്നത് പാപമായി കണക്കാക്കിയിരുന്നത്രേ . സരസ്വതി ക്ഷേത്രത്തെ വേശ്യാലയമാക്കുന്നു എന്ന ആരോപണമായിരുന്നു അന്ന് പ്രതിഫലം ചോദിച്ചിരുന്ന എഴുത്തുകാരെ ഒതുക്കാന്‍ ഉപയോഗിച്ചിരുന്ന വജ്രായുധം.  
എന്നിട്ടും താന്‍ ചെയ്ത ജോലിക്ക് കൂലി ചോദിക്കാന്‍ ചങ്കൂറ്റം കാണിച്ച എഴുത്തുകാരന്‍ ആയിരുന്നു ബഷീര്‍. അതിന്റെ പേരില്‍ അദ്ദേഹം വളരെയധികം കഷ്ടതയനുഭവിക്കേണ്ടിവന്നു .ഏറെ വിമര്‍ശന കൂരമ്പുകള്‍ ഏറ്റു.. ഇതിനെ പറ്റി കഥാബീജം എന്ന നാടകത്തില്‍ അദ്ദേഹം സൂചിപ്പിച്ചുട്ടുണ്ട് . അന്നത്തെ പ്രശസ്തമായ പ്രസിദ്ധീകരണമായ മംഗളോദയത്തിന്റെ ഉടമസ്ഥനായ എ കെ ടി കെ എം നമ്പൂതിരിപ്പാടിന്റെ മുന്നില്‍ ഇരിക്കാനും ( നാട്ടു പ്രമാണിയായ അദ്ദേഹത്തിന്റെ മുന്‍പില്‍ എഴുത്തുകാര്‍ ഇരിക്കാന്‍ പോലും ഭയപ്പെട്ടിരുന്നു ) പ്രതിഫലം അവകാശപ്പെടാനും ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ബഷീര്‍( ഒരു ഭഗവത് ഗീതയും കുറെ മുലകളും എന്ന പുസ്തകത്തിലെ ഇത് പ്രതിപാദിക്കുന്നുണ്ട്  ). അന്ന് മുഴുവന്‍ സമയ എഴുത്തുകാരനാവുക അല്ലെങ്കില്‍ എഴുത്തു കൊണ്ട് ജീവിക്കാന്‍ തീരുമാനിക്കുക എന്നത് വലിയ റിസ്ക്‌ ഉള്ള  കാര്യമായിരുന്നു.

ബഷീറിനു ശേഷം അത്തരം ഒരു തീരുമാനം എടുത്തയാള്‍ സഞ്ചാര സാഹിത്യത്തിന്റെ കുലപതിയായ എസ് കെ പൊറ്റെക്കാട്ട് ആണ് . അന്നത്തെ കാലഘട്ടത്തിലെ ഒരു തരൂര്‍ ആയിരുന്നു എസ് കെ . കൈ വെക്കുന്ന എല്ലാ മേഖലകളിലും മുടി ചൂടാമന്നനാകുക. എഴുത്ത് (സഞ്ചാര സാഹിത്യം , ഒരു ദേശത്തിന്റെ കഥ), രാഷ്ട്രീയം (എം പി ), മികച്ച വാഗ്മി, സംഘാടകന്‍, പൊതു പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാ തരത്തിലും ഒരു വലിയ വ്യക്തിത്വം. എഴുത്ത് കൊണ്ട് ജീവിക്കാം എന്നദ്ദേഹം തീരുമാനം എടുത്തത് തന്റെ കഴിവിലുള്ള ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രമായിരുന്നു . സാഹിത്യത്തില്‍ തന്റേതായ ഒരു പുതിയ പാത വെട്ടിതെളിക്കുകയും ചെയ്തു.

പിന്നീട് അത്തരം മതില് ചാട്ടം നടത്തിയവരില്‍ പ്രശസ്തന്‍ വി കെ എന്‍ ആണ് . എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍. ഏറെ നാള്‍ പത്രപ്രവര്‍ത്തകന്‍ ആയി ഇരുന്നതിനു ശേഷമാണ് അദ്ദേഹം മുഴുവന്‍ സമയ എഴുത്തിലേക്ക് തിരിഞ്ഞത് .

സ്വന്തം കഴിവിലുള്ള ആത്മ വിശ്വാസമാണ് ആദ്യം വേണ്ടത് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. അത് അമിതാത്മവിശ്വാസം ആകുകയും ചെയ്യരുത്. നൂല്‍പ്പാലത്തിലൂടെ ഉള്ള യാത്ര പറ്റില്ല എന്ന് തോന്നുമ്പോള്‍ ഉടനെ മതില് ചാടി വരുന്നതും ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തെ തകിടം മറിചെക്കാം. ആദ്യം സ്വന്തം കഴിവുകളെ ഉപയോഗിച്ച് സര്‍ഗാത്മക സൃഷികള്‍ നടത്തുക. അത് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുക. അത് സഹൃദയ സമൂഹത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ട്ടിക്കുന്നുവെങ്കില്‍ മാത്രം പുതിയ തീരുമാനങ്ങള്‍ എടുക്കുക. ചിലപ്പോള്‍ സര്‍ഗാത്മകതയെ ആവും കുഴിച്ചു  മൂടെണ്ടി വരിക ! (തുടരും ...)


EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...