Sunday, February 22, 2015

ശക്തന്‍ തമ്പുരാനും വെളിച്ചപ്പാടും



ഇന്നത്തെ തൃശൂര്‍ വടക്കും നാഥ ക്ഷേത്രത്തിനു ചുറ്റും  പണ്ട് കൊടും വനമായിരുന്നു.ഹിംസ്ര ജന്തുക്കള്‍ നിറഞ്ഞ ഇവിടം സഞ്ചാര യോഗ്യമാക്കി കൊടുക്കണം എന്ന് അപേക്ഷിച്ച് ജനങ്ങള്‍ അന്ന്(18 )o നൂറ്റാണ്ടില്‍ )  കൊച്ചി രാജ്യം  ഭരിച്ചിരുന്ന ശക്തന്‍ തമ്പുരാന്‍ എന്നാ പേരില്‍ പ്രശസ്തനായ രാമ വര്‍മ തമ്പുരാനേ ചെന്ന് കണ്ടു. മന്ത്രിമാര്‍ വഴി കാര്യങ്ങളുടെ  വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷം അദ്ദേഹം കാട് വെട്ടിത്തെളിച്ച് ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ള സൗകര്യം ഒരിക്കാനുള്ള കല്പന പുറപ്പെടുവിച്ചു. അന്നൊക്കെ ഭരണകര്‍ത്താവ് ഒരു ഉത്തരവു പുറപ്പെടുവിച്ചാല്‍ കാര്യങ്ങള്‍ ദ്രുത ഗതിയില്‍ നീങ്ങും. ഇന്നത്തെ ഇഴഞ്ഞു നീങ്ങുന്ന വികസന പ്രവര്‍ത്തനം പോലെയല്ല. 

സൈന്യത്തിന്റെ സഹായത്തോടെ 60 ഏക്കറോളം വരുന്ന തേക്ക് മരങ്ങള്‍ നിറഞ്ഞ കാട് വെട്ടിതെളിക്കള് തുടങ്ങി.മഹാരാജാവ് ജോലിക്ക് മേല്‍നോട്ടം വഹിച്ചു കൊണ്ട് എഴുന്നെള്ളി നിന്നു. അപ്പോള്‍ തൊട്ടടുത്തുള്ള പാറമേക്കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് പള്ളിവാളും കാല്‍ചിലമ്പും ധരിച്ചു ഉറഞ്ഞുതുള്ളി(ഭഗവതി അവേശിച്ചതായി ഭാവിച്ചു ) ആ സ്ഥലത്തേക്ക് ഓടി വന്നു. 

അരുത് ..ഇതെന്റെ അച്ഛന്റെ(ശിവ ഭഗവാന്‍-വടക്കും നാഥന്‍) ജടയാണ്.. വെട്ടരുത് വെളിച്ചപ്പാട് ഗര്‍ജിച്ചു.......അവിടെ നിന്ന പണിക്കാര്‍’ ഞെട്ടി പുറകോട്ടു മാറി കാരണം ദൈവകോപത്തെ  രാജകോപത്തെക്കാള്‍ അവര്‍ ഭയപ്പെട്ടിരുന്നു  
 .
എന്നാല്‍ മഹാരാജാവ് കുലുങ്ങിയില്ല. കരിച്ചന്തക്കാരനായ ദേവരിശ്ശിക്കിണിയുടെ തല വെട്ടിയെടുപ്പിച്ചു  അതു തനിക്ക് രാവിലെ കണി കാണാന്‍ വെപ്പിച്ച ആളാണ് ശക്തന്‍ തമ്പുരാന്‍. തൃക്കയ്യില്‍ വാളുമേന്തി അദ്ദേഹം വെളിച്ചപ്പാടിനു നേരെ ചെന്നു.

ഇത് ജനങ്ങള്‍ക്ക്  ഉപകാരപ്രദമാകുന്ന കാര്യമാണ്. ആര് തടഞ്ഞാലും ഞാന്‍ മുന്നോട്ടു പോകും.. അദ്ദേഹം അരുളി.
ആഹാ..ഉണ്ണി എന്നെ പരീക്ഷിക്കുക ആണല്ലേ...... വെളിച്ചപ്പാട് ഉടന്‍ തന്റെ പള്ളിവാള്‍ കൊണ്ട് തല വെട്ടിപ്പോളിക്കാന്‍ തുടങ്ങി. 

(അന്നൊക്കെ(ചിലയിടത്ത് ഇന്നും ഉണ്ട്) ക്ഷേത്രങ്ങളില്‍ നില നിന്ന ഒരു ആചാരം (അതോ അനാചാരമോ?)ആയിരുന്നു വെളിച്ചപ്പാടിന്റെ തുള്ളല്‍ .
ഭഗവതി ആവേശിച്ചു എന്ന് ഭാവിച്ചു ഇയാള്‍ പള്ളിവാളും കാല്‍ചിലമ്പും ധരിച്ചു ഉറഞ്ഞു തുള്ളും. കൂടി നില്‍ക്കുന്ന ഭക്ത ജനങ്ങള്‍ക്ക് ദേവിയുടെയോ ദേവന്റെയോ അരുളിപ്പാട് എന്നാ മട്ടില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കും. അവര്‍ അത് ശിരസാ വഹിക്കുകയും ചെയ്യും. ഈ ഒരു സന്ദര്‍ഭത്തില്‍ മാത്രമായിരുന്നു വെളിച്ചപ്പാട് എന്നാ മനുഷ്യനെ ജനങ്ങള്‍ മാനിച്ചിരുന്നത് അല്ലാത്തപ്പോള്‍ കള്ളും കുടിച്ചു ഒരു ഔട്ട്‌ കാസ്റ്റ്  ആയി അയാള്‍ നടന്നിരുന്നു.എം ടിയുടെ നിര്‍മാല്യം എന്നാ ചിത്രം വെളിച്ചപ്പാടിന്റെ ഈ ഇരട്ട വ്യക്തിത്വത്തെ പറ്റി ആണ് )

വെളിച്ചപ്പാടിന്റെ പ്രകടനം കണ്ടു മഹാരാജാവിനു ചുറ്റുമുള്ളവര്‍ പേടിച്ചു ഭഗവതിയോട് ക്ഷമിക്കാനായി പ്രാര്‍ത്ഥിച്ചു തുടങ്ങി . എന്നാല്‍ ശക്തന്‍ തമ്പുരാന്‍ മുന്നില്‍ വെളിച്ചപ്പാടിന്റെ പ്രകടനമൊന്നും വിലപ്പോയില്ല. മാത്രമല്ല അദ്ദേഹത്തെ അത് വല്ലാതെ ചൊടിപ്പിക്കുകയും ചെയ്തു.

വെളിച്ചപ്പാടിന്റെ   വാളിനു മൂര്‍ച്ച ഇല്ലാഞ്ഞിട്ടോ അതോ മഹാരാജാവിനെ ഭയപ്പെടുതാനുള്ള ഒരു പ്രകടനം മാത്രമായത് കൊണ്ടോ വാള്‍ കൊണ്ട് നെറ്റിയില്‍ വലിയ മുറിവൊന്നും ഉണ്ടായില്ല.

ഇത് കണ്ട തമ്പുരാന്‍ “നിന്റെ വാളിനു മൂര്‍ച്ച പോരാ” എന്ന് പറഞ്ഞു ത്രിക്കൈയില്‍ ഇരുന്ന വാള് വെച്ച് വെളിച്ചപ്പാടിന്റെ തലയില്‍ വെട്ടി. തല പിളര്‍ന്നു അയാള്‍ അപ്പോള്‍ തന്നെ മരണപ്പെടുകയും ചെയ്തു. .

ഉം..പണി തുടരട്ടെ ..അദ്ദേഹം ആജ്ഞാപിച്ചു ..”പിന്നീടു താമസമുണ്ടായില്ല ദൈവത്തെ പോലും വക വെക്കാത്ത രാജാവിനോട് എന്ത് എതിര്‍ക്കാനാണ്! പണിക്കര്‍ വേഗം തന്നെ ജോലി തീര്‍ത്തു.
(കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ നിന്നും....)

അന്ന് ശക്തന്‍ തമ്പുരാന്‍ വെട്ടി തെളിച്ച പ്രദേശം  ആണ് വടക്കും നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള ഇന്നത്തെ വിശാലമായ തേക്കിന്‍ കാട് മൈതാനം .ഇവിടെ അരങ്ങേറുന്ന ലോക[പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം എന്നാ ഉത്സവം ശക്തന്‍ തമ്പുരാന്റെ  സ്രുഷ്ടിയാണു

അന്ധവിശ്വാസം പരക്കെ ഉണ്ടായിരുന്ന ആ കാലത്ത് വികസന വിരുദ്ധമായ നിലപാട് അത് ദൈവത്തിന്റെ പെരിലായിട്ടു പോലും അദ്ദേഹം വക വെച്ചില്ല. വളരെ ദീര്‍ഘ വീക്ഷണമുള്ള ഒരു ഭരണാധികാരി ആയിരുന്നു ആദേഹം എന്നതിന് ഇതൊരു ഉദാഹരണം മാത്രം.

മതത്തെയോ ജാതിയോ നോക്കിയല്ല അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രിസ്തീയ വിശ്വാസികള്‍ ഉള്ളത് തൃശൂരാണ്. തമ്പുരാന്റെ കാലത്ത് വ്യാപാരത്തില്‍ നിപുണരായ അവരോടു തമ്പുരാന്‍ അനുഭാവ പൂര്‍വ്വം പെരുമാറുകയും അവര്‍ക്ക് ജീവിക്കാന്‍ വേണ്ട സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു  .

രാജ്യത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമായവര്‍ ഏതു മതത്തില്‍ വിശ്വസിച്ചിരുന്നവര്‍ ആയിരുന്നെങ്കിലും അവര്‍ക്ക് അദ്ദേഹം വേണ്ട പ്രോത്സാഹനം കൊടുത്തിരുന്നു. 

റോഡ്‌ വികസനം, മെട്രോ റയില്‍, വിമാനത്താവളം തുടങ്ങി ജനഹിപരമായ വികസനം വരുമ്പോള്‍ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടിയോ, ശുദ്ധ വിവരക്കേട് കൊണ്ടോ (കമ്പ്യൂട്ടര്‍ വിരുദ്ധ സമരം !) രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ട് പിടിച്ചു ചിലര്‍ അവയ്ക്ക് തടയിടുന്നു. . വികസന കുതിപ്പിനെ തടയിടുന്നത് കൊണ്ട് പുതിയ തലമുറയുടെ ശോഭനമായ ഭാവിക്ക് തന്നെയാണ്തങ്ങള്‍ വിഘാതം സൃഷ്ട്ടിക്കുന്നത് എന്ന് ഇവര്‍ അറിയുന്നില്ല അല്ലെങ്കില്‍ അറിഞ്ഞിട്ടും പിന്മാറുന്നില്ല.അവര്‍ ശക്തന്‍ തമ്പുരാനു മുന്നില്‍ ഉറഞ്ഞാടിയ വെളിച്ചപ്പാടിനെ പോലെ വികസനത്തെ പുറകോട്ടു അടിക്കാന്‍ ശ്രമിക്കുന്നു.

ഈ 21)o നൂറ്റാണ്ടിലും ദേവ പ്രശ്നവും ഇടയ ലേഖനവും മറ്റും ഉപയോഗിച്ച് വികസനത്തെ തടയിടുന്ന മത പ്രതിനിധികള്‍ക്ക് മുന്നില്‍ വഴങ്ങി കൊടുക്കുന്ന സര്‍ക്കാരിനെ കാണുമ്പോള്‍ നമുക്ക് എങ്ങനെ പുച്ചം തോന്നാതെ ഇരിക്കും
 
ഇത്തരം വെളിച്ചപ്പാടുകളെ  "വെട്ടി മാറ്റി" മുന്നോട്ടു നീങ്ങാന്‍ കഴിവുള്ള ആര്‍ജവമുള്ള നേതാക്കളെ ആണ് നമുക്ക് ഇന്നാവശ്യം. അത്തരം ഒരു നാളെ വരും എന്ന് നമുക്ക് പ്രത്യാശിക്കാം.

No comments:

Post a Comment

EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...