Monday, May 24, 2021

അമ്മാൾ കൊലക്കേസും 'ഭാര്യ ' (1962 ) സിനിമയും

"പെരിയാറേ  പെരിയാറേ പർവത നിരയുടെ പനിനീരെ , കുളിരും കൊണ്ട്  കുണുങ്ങി നടക്കും മലയാളി  പെണ്ണാണ് നീ ..."

വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം കൊടുത്ത്  സത്യനും രാഗിണിയും  പാടി അഭിനയിച്ച  ഈ ഗാനം കാണാത്തവരും കേൾക്കാത്തവരായി  മലയാളികൾ അധികമുണ്ടെന്നു തോന്നുന്നില്ല..1962 ൽ  പുറത്തിറങ്ങിയ ഭാര്യ എന്ന സൂപ്പർഹിറ്റ് സിനിമയിലെ  ഗാനമാണിത്.  


സിനിമ തുടങ്ങുന്നത് ഈ പ്രശസ്ത ഗാനത്തോടെയാണ് . ബോട്ടിൽ ഉല്ലാസ സവാരി നടത്തുന്ന അച്ഛനും അമ്മയും രണ്ടു കുട്ടികളും ഒരു സന്തുഷ്ട കുടുംബം . എന്നാൽ സിനിമ പുരോഗമിക്കുമ്പോൾ ഒരു ദുരന്തമാണ്  ആ കുടുംബത്തെ കാത്തിരിക്കുന്നത് .... 


ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമയെടുത്തതെന്ന്  അധികം പേർക്കറിവുണ്ടാകില്ല .. 60 വർഷങ്ങൾക്ക് മുൻപ്  നടന്ന അമ്മാൾ കൊലക്കേസ് ആയിരിന്നു അത് . പ്രതി അമ്മാളിന്റെ ഭർത്താവ് K.M.മാത്യു എന്ന സണ്ണി ആയിരുന്നു.


1951 ൽ  ആണ്  അമ്മാളിനെ സണ്ണി വിവാഹം കഴിക്കുന്നത് . പ്രശസ്തമായ മേളാംപറമ്പിൽ (മേളം മസാല ) കുടുംബത്തിലെ അംഗമായിരിന്നു  സണ്ണി .ഈ വിവാഹത്തിൽ നിന്ന് അവർക്ക് മൂന്ന് കുട്ടികൾ ജനിച്ചു, ചങ്ങനാശ്ശേരിയിലെ  സെയ്ൻറ്റ് ബെർക്ക്മാൻസ് കോളേജിൽ  ലക്ചററായി സണ്ണി ജോലി ചെയ്തിരുന്നു. പിന്നീട്, അദ്ദേഹം സ്വന്തമായി ഒരു ട്യൂട്ടോറിയൽ കോളേജ് ആരംഭിച്ചു.  അത് വിജയകരമായി മുന്നോട്ട് പോയി തുടങ്ങിയതോടെ  ലക്ച്ചറർ ജോലി ഉപേക്ഷിച്ചു സണ്ണി മുഴുവൻ സമയവും ട്യൂട്ടോറിയലിന്റെ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു 


സന്തോഷത്തോടെ മുന്നോട്ട് പോയിരുന്ന ആ ദാമ്പത്യത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ഒരു പെൺകുട്ടി എത്തുന്നതോടെയാണ്  താളപ്പിഴകളുടെ ആരംഭം  . ലിസി എന്നായിരുന്നു ആ ചെറുപ്പക്കാരിയുടെ പേര് . സണ്ണിയുടെ ട്യൂട്ടോറിയൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ലിസി  , അതിസുന്ദരിയായ ലിസി സണ്ണിയുടെ ശ്രദ്ധ ആകർഷിച്ചു. 

അവർ തമ്മിലുള്ള അടുപ്പം ഗുരു ശിഷ്യ ബന്ധങ്ങളുടെ അതിർവരമ്പുകൾ ലംഘിച്ചു . സണ്ണിയും ലിസിയും പ്രണയബദ്ധരായി . തന്റെ അധ്യാപകൻ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണെന്നത് അറിഞ്ഞു കൊണ്ട് തന്നെയാണ് ലിസി ഈ ബന്ധത്തിന് മുതിർന്നത് . 


ട്യൂട്ടോറിയൽ കോളേജ് സ്ഥിതിചെയ്യുന്ന തിരുവല്ലയിൽ നിന്ന് 30 മൈൽ അകലെ ആലപ്പുഴയിലെ സെന്റ് ജോസഫ്സ് കോളേജിലായിരുന്നു ലിസി പഠിച്ചിരുന്നത്  സണ്ണി അവിടെ വന്നു ലിസിയെ കാണാറുണ്ടായിരുന്നു. കൂടാതെ ഇവർ തമ്മിൽ  ചില പ്രേമലേഖനങ്ങളും കൈമാറാറുണ്ടായിരുന്നു 


 1957 ജനുവരിയിൽ അമ്മാൾ സഹോദരനോടൊപ്പം അജ്മീർ ബോർഡിന്റെ ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി പോയി.  ഈ സമയം സണ്ണിയുടെയും ലിസിയുടെയും  കത്തിടപാടുകൾ വർധിച്ചു  . അവയിൽ ചിലത് സെന്റ് ജോസഫ്?സ് കോളേജ് അധികാരികളുടെ കയ്യിൽ എങ്ങിനെയോ എത്തി. മാത്രമല്ല പോസ്റ്റ് ചെയ്യാതെ വെച്ചിരുന്ന  ചില കത്തുകളിൽ  അമ്മാളിന് ലഭിക്കുകയും ചെയ്തു 


ഇതറിഞ്ഞു അമ്മാൾ ഏതാണ്ട് ഉന്മാദാവസ്ഥയിലെത്തി . അവർ  സണ്ണിയുടെ അടുത്തേക്ക്  തിരിച്ചു. വീട്ടിലെത്തിയ ശേഷം  സണ്ണിയും അമ്മാളും ലിസിയുമായുളള  അവിഹിത ബന്ധത്തെ ചൊല്ലി എന്നും തർക്കമായിരുന്നു 1957 നവംബറിൽ, സണ്ണിയുടെ  പിതാവായ ഡോ. മാർക്കോസ്, തന്റെ മകനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ  ലിസിയോട് ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പലിന് ഒരു കത്ത് അയച്ചു. അതേ മാസം, 27 ന് അമ്മാൾ കോളേജിൽ പോയി ലിസിയെ കണ്ടു.  സംയമനത്തോടെ പെരുമാറുമെന്ന് അമ്മാൾ പ്രിൻസിപ്പലിനോടും വാർഡനോടും വാഗ്ദാനം ചെയ്തിരുന്നെങ്കിലും, സ്വയം നിയന്ത്രിക്കാൻ കഴിയാതെ അമ്മാൾ  ലിസിയെ അടിക്കുകയുണ്ടായി . 


ഈ സംഭവം ലിസി  തന്റെയും സണ്ണിയുടെയും സുഹൃത്തായ അമ്മക്കുട്ടിയോടു കത്ത് മുഖേന അറിയിച്ചു.  ഇനി നമ്മൾ പോകുന്നത് അമ്മാളിന്റെ കൊലപതാകം നടന്ന  1957 ഡിസംബർ 22 ലേക്കാണ് 


അന്ന് രാവിലെ  പത്തു മണിക്ക്  സണ്ണി തന്റെ കാറിൽ എവിടെയോ പോകാനായി ഇറങ്ങി . കഴിഞ്ഞ കുറെ ദിവസങ്ങളായി  സണ്ണി അമ്മാളിന്റെ കടുത്ത നിയന്ത്രണത്തിലായിരുന്നു . തന്റെ ട്യൂട്ടോറിയൽ കോളേജിൽ പോലും സണ്ണിയെ ഒറ്റയ്ക്ക് പോകാൻ അവർ അനുവദിച്ചിരുന്നില്ല . സണ്ണി വെളിയിലറങ്ങുന്ന കണ്ട അമ്മാൾ വീട്ടിൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ പോലും മാറാതെ ഉടനെ  കാറിൽ കയറി  ഇരുന്നു.  തുടർന്ന് അവർ അമ്മുക്കുട്ടിയുടെ ഭർത്താവിന്റെ  വീട്ടിലേക്ക് പോയി, അവിടെ വെച്ച് അമ്മുക്കുട്ടിയുടെ ഭർത്താവ് ലിസിയുടെ ഒരു കത്ത് രഹസ്യമായി സണ്ണിക്ക് കൈമാറി. അമ്മാൾ കാറിൽ തന്നെ ഇരുന്നു, സണ്ണി കാറിൽ കയറി സ്റ്റാർട്ട് ചെയ്യാൻ നോക്കിയപ്പോൾ കണ്ടത് അമ്മാൾ  എല്ലാ ഇഗ്നീഷ്യൻ വയറുകളും പുറത്തെടുത്ത് വിച്ഛേദിച്ചു കാർ കേടാക്കിയതായി കണ്ടെത്തി. കാർ ശരിയാക്കാൻ  ഒരു മെക്കാനിക്കിനെ വിളിക്കേണ്ടി വന്നു, 


വൈകുന്നേരം നാല് മണിയോടെ അവർ വീട്ടിൽ തിരിച്ചെത്തി. ലിസിയുടെ കത്ത് രഹസ്യമായി വായിക്കാനായി  സണ്ണി ബാത്‌റൂമിൽ കയറി ഇരുന്നു. എന്തോ സംശയം  തോന്നിയ അമ്മാൾ കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോൾ  കത്ത് കാണുകയും  അത്  സണ്ണിയുടെ കയ്യിൽ നിന്നും  വാങ്ങിക്കാൻ ശ്രമിക്കുകയും ചെയ്തു. സണ്ണി ഇറങ്ങി കാർ ഷെഡ്‌ഡിലേക്ക്  പോകുകയും അമ്മാൾ സണ്ണിയെ പിന്തുടർന്ന്  ചെല്ലുകയും ചെയ്തു. പിന്നെ കേട്ടത് രണ്ടു വെടിയൊച്ചകളാണ് .ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് അമ്മാൾ  ഷെഡ്‌ഡിലെ  തറയിൽ  വെടിയേറ്റ് കിടക്കുന്നതാണ്. അവർ മരണാസന്നയായിരുന്നു  . അടുത്ത് തന്നെ തോക്കുമായി ( അയാളുടെ പിതാവിന്റെയായിരുന്നു തോക്ക് ) സണ്ണിയുമുണ്ടായിരുന്നു.  വന്നവരോട് തന്നെ സണ്ണിയാണ് വെടി  വെച്ചതെന്ന്  അവർ പറഞ്ഞു . സണ്ണിയുടെ പിതാവ്  മാർക്കോസ് കോപാകുലനായി  തന്റെ മകനെ മർദിക്കുകയുണ്ടായി . അതിനു ശേഷം അദ്ദേഹം തന്നെയാണ്  മറ്റുള്ളവരുടെ സഹായത്തോടെ അമ്മാളിനെ ഹോസ്പിറ്റലിൽ എത്തിച്ചത് .അവിടെയെത്തിയ അമ്മാൾ അധിക സമയം കഴിയും മുൻപ് തന്നെ അന്ത്യ ശ്വാസം വലിച്ചു. അമ്മാളിനെ മരണ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു .  താമസിയാതെ സണ്ണി അറസ്റ്റ് ചെയ്തു പോലീസ്  റിമാൻഡ് ചെയ്തു . എല്ലാ തെളിവുകളും സണ്ണിക്കെതിരായിരുന്നു .അയാളുടെ പിതാവുൾപ്പടെ സണ്ണിക്കെതിരെ മൊഴി കൊടുത്തിരുന്നു.


വളരെയേറെ ജനശ്രദ്ധ  ആകർഷിച്ച  വിചാരണയ്ക്ക് ശേഷം, കേരള ഹൈക്കോടതി സണ്ണിയെ വധശിക്ഷയ്ക്ക് വിധിച്ചു. സുപ്രീം കോടതി അത് ശരിവെച്ചു. സണ്ണിയുടെ  അഭിഭാഷകർ  ഇന്ത്യൻ പ്രസിഡന്റിന് ഒരു ദയാ ഹർജി  അയച്ചു. 9 ഉം 7 ഉം വയസ്സുള്ള സണ്ണിയുടെ  കുട്ടികൾക്ക് അവരുടെ അമ്മയെ നഷ്ടപ്പെട്ടതിനാലും , പിതാവും കൂടി  മരിച്ചാൽ അവർ അനാഥരാകുമെന്ന് അതിൽ കാണിച്ചിരുന്നു . ഹർജി പരിഗണിച്ച പ്രസിഡണ്ട്  സണ്ണിയുടെ ശിക്ഷ  ആജീവനാന്ത തടവാക്കി  മാറ്റി.


കേരളത്തെ  പിടിച്ചുകുലുക്കിയ ഈ സംഭവം കാനം  എന്ന എഴുത്തുകാരൻ' ഭാര്യ' എന്ന പേരിൽ ഒരു നോവലാക്കി എഴുതി. ഈ നോവലിനെ ആസ്പദമാക്കിയാണ് 1962 ൽ 'ഭാര്യ' എന്ന  പേരിൽ തന്നെ  ഒരു ചിത്രം കുഞ്ചാക്കോ നിർമ്മിച്ച് സംവിധാനം  ചെയ്യുന്നത് . സിനിമയുടെ സംഭാഷണങ്ങൾ  രചിച്ചത് പ്രശസ്ത എഴുത്തുകാരൻ  പൊൻകുന്നം വർക്കിയാണ്. സത്യനും രാഗിണിയുമാണ്  യഥാക്രമം സണ്ണിയും അമ്മാളുമായി  അഭിനയിച്ചത്.  പുതുമുഖം രാജശ്രീ ലിസിയുടെ റോൾ ചെയ്തു (പേരുകളും സംഭവങ്ങളും മറ്റും സിനിമയിലും നോവലിലും മാറ്റിയിരുന്നു ) . 


മീഡിയയും മറ്റും  അത്ര  വിപുലമാല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നടന്ന  സംഭവമായിട്ടു പോലും  ഇത് ഏറെ  കുപ്രസിദ്ധി ആർജിച്ചിരുന്നു.  ഒരു  പക്ഷെ  സമാനമായ ഒരു സംഭവമാണ്  1959 ൽ നാനാവതി കേസിലും നടന്നത് . കൊല്ലപ്പെട്ടത്  പ്രതിയുടെ ഭാര്യയുടെ ജാരനായിരുന്നു എന്ന് മാത്രം എന്നാൽ അത്  ലോകശ്രദ്ധ  കിട്ടിയ കേസായിരുന്നു . കാരണം  പ്രതിയായ നാനാവതി ഇന്ത്യയുടെ സമുന്നതനായ ഒരു നേവൽ കമാൻഡർ  ആയിരുന്നു . അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ  സിൽവിയ എന്ന ഒരു ഇംഗ്ലീഷുകാരിയും .  ഈ കേസിൽ നാനാവതി ആദ്യം ശിക്ഷിക്കപ്പെട്ടെങ്കിലും ഒരു retrial  നടക്കുകയും അദ്ദേഹത്തെ കോടതി വെറുതെ വിടുകയും ചെയ്തു.  


കേസിനെ പറ്റി അറിയാൻ താത്പര്യമുള്ളവർക്ക്  വിക്കിപ്പീഡിയ ലിങ്ക് താഴെ കൊടുക്കുന്നു 


https://en.wikipedia.org/wiki/K._M._Nanavati_v._State_of_Maharashtra


ഭാര്യ സിനിമയുടെ ലിങ്കും താഴെ കൊടുക്കുന്നു 


https://youtu.be/qpLiQxB3ZWE



EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...